മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ; കൊറോണ പോസിറ്റിവ് വിവരങ്ങള്‍ വൈകിപ്പിക്കുന്നു ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷനേതാവ് വീണ്ടും രംഗത്ത എത്തി.
മുഖ്യമന്ത്രിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ വേണ്ടി കൊറോണ പോസിറ്റിവ് ആയ രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ ഉടന്‍ രോഗികളെ അറിയിക്കുന്നുണ്ടെങ്കിലും പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ രോഗികളെ തത്സമയം അറിയിക്കുന്നില്ലെന്നുമാണ് ചെന്നിത്തല ഉയർത്തുന്ന വിമർശനം. കൊറോണ ബാധിച്ച് മരിച്ച കുഞ്ഞിന്റെ രോഗവിവരം ഒരു ദിവസം വൈകിയാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഇങ്ങനെ വിവരം പുറത്തുവിടുന്നത് ഗുരുതര പ്രശ്നമുണ്ടാക്കുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍ക്കാറിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാരും സൈബര്‍ ഗുണ്ടകളും ചേര്‍ന്ന് വേട്ടയാടുകയാണെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.
സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഈ സമീപനം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോയെന്ന് സി.പി.എം ആലോചിക്കണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

80 ലക്ഷത്തോളം പേർക്ക് കേരളത്തിൽ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അത് തടയണമെങ്കിൽ സർക്കാരിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പുതിയ ഐടി ടെക്നോളജി ആവശ്യമായതുകൊണ്ടാണ് സ്പ്രിംഗ്ലർ എന്ന കമ്പനിയുടെ സഹായം തേടിയതെന്നുമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. ഇതുവരെ ലോകത്ത് ആകെ 25 ലക്ഷത്തോളം പേർക്കാണ് കൊറോണ ബാധിച്ചതെന്നാണ് വിവരം. 80 ലക്ഷം പേർക്ക് കൊറോണ ബാധയുണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെക്കുറിച്ച് വിഡി സതീശൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയാണുണ്ടാത്. പിന്നീട് എവിടെനിന്നാണ് 80 ലക്ഷം രോഗികളുണ്ടാകുമെന്ന വിവരം മുഖ്യമന്ത്രിക്ക് കിട്ടിയതെന്ന് വ്യക്തമാക്കണം.

കേസ് വാദിക്കാൻ മുംബൈയിൽ നിന്നും ലക്ഷങ്ങൾ നൽകി അഭിഭാഷകയെ സർക്കാർ ചുമതലപ്പെടുത്തി. മറ്റ് സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ സ്പ്രിങ്ക്ളറിനെ ചുമതലപ്പെടുത്താൻ എന്ത് ബാധ്യതയാണ് സർക്കാരിനുളളതെന്നും അദ്ദേഹം ചോദിച്ചു. എന്ത് നിർബന്ധമാണ് സ്പ്രിങ്ക്ളറിനെ തന്നെ ഡാറ്റ അനാലിസിസ് നടത്താൻ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കമ്പനിയുടെ വക്താക്കളായി മുഖ്യമന്ത്രിയും സർക്കാരും മാറി. സ്പ്രിങ്ക്ളറിൽ നിന്നും എന്ത് പ്രയോജനം ജനങ്ങൾക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ടെസ്റ്റുകൾ നടത്തുന്നത് സംസ്ഥാനത്ത് കുറവാണ്. നാലായിരം പേരുടെ ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള നടപടി സർക്കാർ സ്വീകരിക്കണം. പോസിറ്റീവ് കേസുകൾ ഡോക്ടർ പോലും അറിയുന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലാണ്. പത്രസമ്മേളനത്തിനായി പോസിറ്റീവ് കേസുകൾ മറച്ചുവയ്ക്കുന്നു. ഇതിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.