ലോക്ക് ഡൗണിൽ വരൻമാർ വിദേശത്ത് കുടുങ്ങി: പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റിവച്ചു

തിരുവനന്തപുരം: പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റിവച്ചു. നാളെ 10. 30ന് ഗുരുവായൂരില്‍വെച്ച് നടത്താനിരുന്ന അവരുടെ വിവാഹമാണ് മാറ്റിവെച്ചത്. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്‍മാര്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ എത്താന്‍ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.

മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാര്‍ ഫാഷന്‍ ഡിസൈനറായ ഉത്രയെയും, കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.

1995 നവംബര്‍ 18 നാണ് (വൃശ്ചികമാസത്തിലെ ഉത്രം നാളില്‍) നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാര്‍ -രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തില്‍ അഞ്ച് പേർ ജനിച്ചത്. പിന്നീട് ഇവർക്ക് പഞ്ചരത്‌നങ്ങള്‍ എന്നു പേരു വീണു. ഇവര്‍ക്ക് പത്ത് വയസാകും മുന്‍പ് പിതാവ് പ്രേം കുമാര്‍ മരിച്ചു. ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടാവുക കൂടി ചെയ്തതോടെ രമാദേവിക്ക് സര്‍ക്കാര്‍ സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു.