സാമ്പത്തിക പ്രതിസന്ധിക്കിടയിൽ തിരക്കിട്ട് അതിവേഗ റെയില്‍ ; സംശയങ്ങൾ ബാക്കി

കോട്ടയം: കൊറോണയേക്കാൾ ഭീകരൻ പിണറായി വിജയനെന്ന് അതിവേഗ റെയില്‍പാതയിൽ കിടപ്പാടം നഷ്ടപ്പെടുന്നവർ!. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോടികളുടെ പദ്ധതി തിരക്കിട്ട് ആരംഭിക്കുന്നത് സംശയാസ്പദമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

ലോക്ക് ഡൗണിലും തിടുക്കപ്പെട്ട് പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കാനുള്ള തീരുമാനം വന്നതോടെയാണ് കുടിയിറങ്ങേണ്ടവർ മുഖ്യമന്ത്രിയെ ശപിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇതിനിടെയാണ് കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി വേഗത്തിലാക്കുന്നത്.

നിലവിലെ‍ സര്‍വെ പ്രകാരം മുളക്കുളം ഒന്നാം വാർഡിൽ പ്രവേശിക്കുമ്പോൾ തന്നെ 150 ഓളം വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും ഇല്ലാതാകും. ഫ്രഞ്ച് കമ്പനിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതാ പഠനം പുരോഗമിക്കുന്നതിനിടെ കോട്ടയം ജില്ലയില്‍ പ്രതിഷേധം ഉയരുകയാണ്.

മൂലമ്പിള്ളി അടക്കമുള്ള പുനരധിവാസ അനുഭവങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുന്നത്. വല്ലാര്‍പാടം പദ്ധതിക്കായി ചേരാനെല്ലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, മുളവുകാട്, ഏലൂര്‍, മൂലമ്പിള്ളി, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നായാണ് 316 കുടുംബങ്ങള്‍ ജനിച്ചുവളര്‍ന്ന വീടുകളില്‍നിന്നും പുറത്താക്കപ്പെട്ടത്. അത് തിരിച്ചുപിടിക്കാന്‍ അവര്‍ സമരം തുടങ്ങി.

മൂലമ്പിള്ളി സമരത്തിനു വലിയ സാമൂഹിക പിന്തുണയൊന്നും ലഭിച്ചില്ല. എല്ലാവരും വല്ലാര്‍പാടം ടെര്‍മിനല്‍ വരുമ്പോള്‍ നാട്ടിലുണ്ടാകുന്ന വികസനത്തെക്കുറിച്ച് മാത്രം പറഞ്ഞു. മൂലമ്പിള്ളിക്കാര്‍ വികസന വിരുദ്ധരായി മുദ്രകുത്തപ്പെട്ടു. പേരിനൊരു പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും നടപ്പായില്ല. പലരും ഇപ്പോഴും വാടകവീടുകളിലാണ്. മൂലമ്പിള്ളി സമരം പല പ്രതിസന്ധികളേയും നേരിട്ട് 46 ദിവസങ്ങള്‍ക്ക് ശേഷമാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.

എന്നാല്‍, നാല്‍പ്പത് പേര്‍ക്കു മാത്രമാണ് പുതിയ വീടുകള്‍ ലഭിച്ചത്. ബാക്കിയുള്ളവരാണ് ഇപ്പോഴും ഷെഡ്ഡുകളിലും വാടകവീടുകളിലുമായി കഴിയുന്നത്. അതും വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്ത് ഏഴു വര്‍ഷത്തിനുശേഷവും. പദ്ധതിയില്‍ വാഗ്ദാനം ചെയ്ത തൊഴിലും ഇവര്‍ക്കാര്‍ക്കും ലഭിച്ചില്ല. ഇതേ അവസ്ഥയാകും ഈ പദ്ധതിയുടെ പുനരധിവാസത്തിനുമുണ്ടാകുകയെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.