തൃശ്ശൂർ നിവാസികൾക്ക് സാമ്പത്തിക ഇളവുകൾ നൽകണം: രാജൻ. ജെ.പല്ലൻ

ത്യശൂർ: നഗരത്തിലെ കോർപ്പറേഷൻ കെട്ടിടങ്ങളിലെ ലൈസൻസികൾക്ക് കൊറോണ കാലത്തെ വാടക ഒഴിവാക്കി നൽകണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ആവശ്യപ്പെട്ടു.

കോർപ്പറേഷൻ കെട്ടിടങ്ങളിൽ 2000 ൽ താഴെ വാടകക്കാരുണ്ട് . കൊറോണ മൂലം അടച്ചുപൂട്ടലിന് വിധേയമാകേണ്ടി വന്ന വ്യാപാരികൾക്ക് വലിയ ആശ്വാസമാകുന്ന നടപടിയാകുമിതെന്നും രാജൻ പല്ലൻ ചൂണ്ടികാട്ടി.
നഗരവാസികൾക്ക് കഴിയുന്നത്ര ആശ്വാസം നൽകേണ്ട ബാധ്യത കോർപ്പറേഷനുണ്ട്.
നഗരത്തിലെ മുഴുവൻ ഗാർഹിക വാണീജ്യ കെട്ടിടങ്ങൾക്കും നിലവിലുള്ള നികുതിക്ക് മേൽ സേവനനികുതി എന്ന പേരിൽ നിയമ വിരുദ്ധമായി ഈടാക്കാൻ തീരുമാനിച്ച 10 ശതമാനം അധിക നികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തെറ്റായി നടപ്പാക്കിയ അധിക സേവനനികുതി പിൻവലിക്കുന്നത് നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമാകും. കുടിവെള്ളത്തിനുള്ള ഗാർഹിക നിരക്കുകൾ കൂട്ടേണ്ടതില്ലയെന്നുള്ള കൗൺസിൽ യോഗത്തിന്റെ ഏകകണ്ഠ
തീരുമാനത്തിന് വിരുദ്ധമായി നടപ്പാക്കിയ ഗാർഹിക കൂടിവെളള നിരക്ക് വർധന അടിയന്തിരമായി പിൻവലിച്ച് ജനങ്ങൾക്കു ആശ്വാസം നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾക്ക് എന്ത് ആശ്വാസം നൽകാമെന്നത് സംബന്ധിച്ച് പ്രത്യേക കൗൺസിൽ യോഗം വിളിച്ചു കൂട്ടി ചർച്ച ചെയ്യണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.