കണ്ണൂർ: കൊറോണ പ്രതിരോധത്തിന് 14 ദിവസത്തെ നിരീക്ഷണമാണ് ആഗോള തലത്തില്‍ നിർദേശിക്കപ്പെടുന്നതെങ്കിലും
കണ്ണൂരിൽ 29 പേർക്ക് കൊറോണ സ്ഥിരീകരിച്ചത് രണ്ടാഴ്ച കഴിഞ്ഞ്.
വിദേശത്തു നിന്ന് നാട്ടിലെത്തി 28 ദിവസം പിന്നിട്ടവരിലും രോഗബാധ കണ്ടെത്താനായി എന്നത് ശ്രദ്ധേയമാണ്. 14നും 28നും ഇടയിലുള്ള ദിവസങ്ങളിൽ 14 പേരിലാണ് രോഗബാധ കണ്ടെത്തിയത്. 15 പേര്‍ക്ക് 28 ദിവസത്തിന് ശേഷം രോഗം കണ്ടെത്തിയതെന്നതും ആശങ്ക ജനിപ്പിക്കുന്നു. എന്നാൽ 28 ദിവസത്തിനുശേഷം രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവിടെയാണ് റിവേഴ്‌സ് ക്വാറന്റൈയിൻ്റെ പ്രാധാന്യം. പ്രായം ചെന്നവരും മറ്റ് രോഗമുള്ളവരും കുഞ്ഞുങ്ങളും ഗർഭിണികളും ഉണ്ടെങ്കില്‍ അവര്‍ ക്വാറൻറ യിൻ രീതി തുടർന്ന് സുരക്ഷിതരായി ഇരിക്കുകയാണ് റിവേഴ്‌സ് ക്വാറൻറയിൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലയില്‍ 104 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടെങ്കിലും സമൂഹവ്യാപനമില്ലെന്നത് റിവേഴ്സ് ക്വാറൻറയിൻ ഏറെ പ്രയോജനകരമായി എന്നതിൻ്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
നിലവില്‍ പോസിറ്റീവ് ആയ കേസുകളില്‍ 81ഉം വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളും. 22 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഇവരാകട്ടെ കുടുംബാംഗങ്ങളുമാണ്. 63 പേര്‍ രോഗ ലക്ഷണമില്ലാത്തവരാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്. ഇവരില്‍ 53 പേരും വിദേശത്ത് നിന്ന് എത്തിയതാണ്. ലക്ഷണമില്ലാത്തവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് ഈ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഒരു വീട്ടിലെ 10 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 12നും മാർച്ച് 22നും ഇടയില്‍ നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈറിസ്‌ക്ക് കോണ്‍ടാക്ടിലുള്ളവരുമായ മുഴുവന്‍ പേരുടയും സാമ്പിള്‍ പരിശോധിക്കാനാണ് നടപടിയെടുത്തത്. ഇതുപ്രകാരം 2342 സാമ്പിളാണ് ജില്ലയില്‍ ആകെ പരിശോധനക്ക് അയച്ചത്. ഇതില്‍ 214 പേരുടെ ഫലമാണ് ഇനി വരാന്‍ ബാക്കിയുള്ളത്. ഇതില്‍ 12 മുതല്‍ 15 വരെ പോസിറ്റീവ് കേസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഈ ഫലം കൂടി വരുന്നതോടെ കണ്ണൂര്‍ ജില്ലയിലെ പരിശോധന ഫലം തൽക്കാലം പൂര്‍ണമാകും.