വയനാട്: ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി സർക്കാർ. വയനാട്ടിൽ പുതിയ മൂന്ന് ബാറുകൾക്ക് സർക്കാർ ലൈസൻസ് നൽകിയതോടെ ഈ സർക്കാരിൻ്റെ കാലത്ത് അനുമതി ലഭിച്ചത് 161 ബാറുകൾക്കാണ്. കൽപ്പറ്റയിൽ ഒന്നും സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കാണ് പുതിയ ലൈസൻസ് നൽകിയത്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും.
വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് ഉള്ളത്. ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. ബെവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്.
യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറന്നതിനു പുറമേ 161 പുതിയ ബാറുകളും 31 ബിയർ പാർലറുകളും നാല് വർഷത്തിനിടെ തുറന്നു. 378 ബിയർ-വൈൻ പാർലറുകളാണ് ത്രീ സ്റ്റാർ പദവി നേടി ബാർ ലൈസൻസ് എടുത്തത്. ദൂരപരിധി നിയമത്തിൽ ഇളവ് വരുത്തിയതുകാരണം 19 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചു.
ത്രീസ്റ്റാറോ അതിനു മുകളിലോ പദവിയുള്ള ഹോട്ടലുകൾക്കു ബാർ അനുവദിക്കാമെന്നാണു നയമെങ്കിലും, മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറയക്കുമെന്നാണു സർക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൂട്ടിയതോ ബീയർ ലൈസൻസിലേക്ക് ഒതുങ്ങിയതോ ആയ ഹോട്ടലുകൾക്കു ബാർ അനുവദിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.