തിരുവനന്തപുരം: കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിച്ചാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് അനുമതി നൽകിയ സ്പീക്കറുടെ നടപടിക്കെതിരെ കെഎം ഷാജി നേരത്തെ രംഗത്തു വന്നിരുന്നു. ഇന്നലെ യുഡിഎഫ് എംഎൽഎമാരും സ്പീക്കർക്കെതിരെ രംഗത്ത് എത്തി. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റ് രംഗത്തു വന്നിരിക്കുന്നത്.
നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തു വിട്ട വിശദീകരണം –
കണ്ണൂര്‍ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളായ അഴീക്കോട് ഹൈസ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചതിന് പ്രതിഫലമായി ശ്രീ. കെ.എം. ഷാജി എം.എല്‍.എ, 25 ലക്ഷം രൂപ ഹൈസ്കൂള്‍ മാനേജ്മെന്‍റില്‍ നിന്നും കൈക്കൂലി വാങ്ങിച്ചു എന്ന കടുവന്‍ പത്മനാഭന്‍ എന്നയാളുടെ പരാതിയില്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എം.എല്‍.എയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് 2019 നവംബര്‍ 19-ാം തീയതിയില്‍ വിജിലന്‍സിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.
ഇക്കാര്യത്തില്‍ 1988-ലെ അഴിമതി നിരോധന നിയമത്തിന് 2018-ല്‍ വന്ന ഭേദഗതിയുടെയും ഇതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള കോടതി വിധികളുടേയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കെ.എം. ഷാജി എം.എല്‍.എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനുള്ള അനുമതി നല്‍കാവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി പ്രസ്തുത ഫയലിലൂടെ ശുപാര്‍ശ ചെയ്യുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് 13.03.2020-ന് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച അറിയിപ്പ് തൊട്ടടുത്ത പ്രവൃത്തി ദിവസം ബന്ധപ്പെട്ട സെക്ഷന്‍റെ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി വിജിലന്‍സ് വകുപ്പിനെ അറിയിക്കുകയും ചെയ്തു.
നിലവിലുള്ള നിയമപ്രകാരം സ്പീക്കറില്‍ നിക്ഷിപ്തമായ ഒരു അധികാരം വിനിയോഗിക്കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ മറ്റ് യാതൊരു താല്‍പ്പര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു
കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോൺഗ്രസ് എംഎൽഎമാർ നേരത്തെ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. കൊറോണ പ്രതിരോധത്തിനായി നിയമസഭാ സമ്മേളനം നിർത്തി വച്ച അന്ന് ഇത്തരമൊരു അനുമതി നൽകിയത് അത്ഭുതകരമാണ്.
ഇത്തരമൊരു തീരുമാനമെടുത്താൽ അംഗങ്ങളെ അറിയിക്കും. ഇവിടെ അതുമുണ്ടായില്ല. ധാർമ്മികമുല്യങ്ങൾക്ക് നിരക്കാത്തതും സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമേൽപ്പിക്കുന്നതുമാണെന്നും എംഎൽമാർ പ്രസ്താവനയിൽ ആരോപിച്ചു. വിഡി സതീശൻ, എപി അനിൽകുമാർ .ഷാഫി പറമ്പിൽ ,സണ്ണി ജോസഫ് , റോജി എം ജോൺ, ശബരിനാഥൻ, അൻവർ സാദത്ത് എന്നിവരാണ് സ്പീക്കർക്കെതിരെ രംഗത്ത് വന്നത്.