സ്പ്രിം​ഗ്ളർ വിവാദങ്ങള്‍ക്ക് പിന്നാലെ പോയി സമയം കളായാനില്ല: പിണറായി

തിരുവനന്തപുരം: സ്പ്രിം​ഗ്ളർ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ നീക്കം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഈ കാര്യത്തില്‍ സത്‌പേര് കിട്ടാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. അപ്പോ ഏതെല്ലാം തരത്തില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്നാണ് അവര്‍ നോക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. നേരത്തെയും ഉണ്ടായിട്ടുണ്ട്. അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത് ഇപ്പോ അത്തരം വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ചുതള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് പിണറായി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാരപരിപാടിയിലാണ് പരാമര്‍ശം.

സര്‍ക്കാരിനെ ന്യായീകരിച്ച് എല്‍ഡിഎഫും സിപിഎമ്മും ഇന്ന് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇനി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.