സ്പ്രിംഗ്ലറിന്റെ കച്ചവട ലക്ഷ്യം പുറത്ത്; കൊറോണ പ്രതിരോധ മരുന്നുണ്ടാക്കുന്ന കമ്പനികളുമായി ബന്ധം

തിരുവനന്തപുരം : സ്പ്രിംഗ്ലർ കമ്പനിക്ക് കോറോണക്ക് പ്രതിരോധ മരുന്നുണ്ടാക്കുന്ന കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. മരുന്നു പരീക്ഷണം നടത്തുന്ന മരുന്നു കമ്പനിയായ ഫൈസറുമായാണ് സ്പ്രിംഗ്ലറിനു ബന്ധമുള്ളത്. ഫൈസറിന്റെ സാമൂഹിക മാധ്യമ മേധാവി സാറ ഹോളിഡേ ഇക്കാര്യം വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവിട്ടത്.

സ്പ്രിംഗ്ലര്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ മരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷ ആരോപണങ്ങളെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
എന്നാൽ ആരോപണങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തു വരുന്നത്.

രോഗികളുടെ വിവര ശേഖരണത്തിനും ഫൈസർ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിംഗ്ലറിന്റെ സഹായം തേടിയിരുന്നു. സ്പ്രിംഗ്ലർ ശേഖരിക്കുന്ന വിവരങ്ങൾ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ കാര്യം പുറത്തു വരുന്നത്.

കൊറോണ പ്രതിരോധത്തിനുള്ള ആന്റിവൈറൽ മരുന്നും വാക്സിനുമുണ്ടാക്കുന്ന മരുന്നു കമ്പനിയാണ് ഫൈസർ. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംഗ്ലർ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സാമൂഹിക മാധ്യമ മേധാവി സാറാ ഹോളിഡേ 2017 നവംബറില്‍ നടത്തിയ അവതരണത്തില്‍ സ്പ്രിംഗ്ലറാണ് തങ്ങളുടെ സാമൂഹിക മാധ്യമ വിവരം വിശകലനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.