കോട്ടയം ജില്ലയിൽ ലോക് ഡൗണ്‍ ഇളവുകള്‍ 21 മുതൽ

കോട്ടയം: കൊറോണ രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ജില്ലയെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഏപ്രില്‍ 21 മുതലാണ് ഇളവുകള്‍ നിലവില്‍ വരും. അതുവരെ നിയന്ത്രണങ്ങള്‍ തുടരും.

21 മുതൽ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍,ജ്വല്ലറികള്‍ എന്നിവയടക്കം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രവര്‍ത്തന സമയം.
ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാന്‍(ഡൈനിംഗ്) സൗകര്യം നല്‍കാം. വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെ പാഴ്സല്‍ സര്‍വീസിന് അനുമതിയുണ്ട്.
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, വാച്ച് കടകള്‍ തുടങ്ങിയവ വൈകുന്നേരം ആറു വരെ.

ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കാം.
മറ്റു ജില്ലകളിലേക്കും തിരികെയുമുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.
ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ഡ്രൈവര്‍ക്കു പുറമെ പ്രായപൂര്‍ത്തിയായ രണ്ടു
പേര്‍ക്കും പതിനഞ്ചു വയസില്‍ താഴെയുള്ള രണ്ടു പേര്‍ക്കും യാത്ര ചെയ്യാം.

ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചര്‍ച്ച നടത്തും.
ഓട്ടോറിക്ഷകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ. പരമാവധി രണ്ടു യാത്രക്കാര്‍ മാത്രം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയ്ക്ക് പ്രവര്‍ത്തന നിരോധനം തുടരും.
വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 20 പേരില്‍ അധികമാകരുത്.
ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പാടില്ല. മതപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം തുടരും.
കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്. ഫാക്ടറികള്‍-വ്യവസായ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം