പ്രവാസികളെ സർക്കാർ സഹായിക്കണം: തോമസ് ഉണ്ണിയാടൻ

ത്യശൂർ: രാജ്യവും കേരളവും കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്ക് വഹിച്ച പ്രവാസികളുടെ കഷ്ടപ്പാടിൽ അവർക്ക് സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ് എം ഉന്നതാധികാരസമിതിയംഗവുമായ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

പ്രവാസികൾക്കൊപ്പം നിൽക്കാനും അവരുടെ വേദന ഗൗരവത്തിലെടുക്കാനും സർക്കാരിന് കഴിയണം.
നിരവധി മലയാളികളാണ് ജോലി നഷ്ട്ടപെട്ടു വിദേശരാജ്യങ്ങളിൽ കഴിയുന്നത്. വരുമാനമില്ലാതെ ഭക്ഷണത്തിനും ജീവൻരക്ഷാ മരുന്നിനും വളരെയേറെ കഷ്ടപെടുകയാണവർ.
കേരളത്തിലെ ആശുപത്രികളിൽ അടിയന്തിര ചികിത്സ ലഭിക്കേണ്ട പലരും അവിടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ചിലർ ചികിത്സ കിട്ടാതെ മരിച്ചത് വേദനയോടെയാണ് നമുക്ക് കേൾക്കാൻ സാധിച്ചത്. അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടവർ, വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ, വിസാ കാലാവധി തീർന്നവർ തുടങ്ങി ഏറെ കഷ്ടപ്പെടുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന കാരണത്താൽ അവർ നടപടിയെടുക്കട്ടെ സംസ്ഥാന സർക്കാരിന്റെ ഉദാസീന സമീപനം മാറ്റണം. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാതെ കേന്ദ്ര സർക്കാരിൽ നിരന്തരം സമ്മർദ്ദം ചൊലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.