ആർഭാടങ്ങളില്ല ;ആഘോഷങ്ങളില്ല; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 75ാം ജന്മദിനം

കൊച്ചി: സീറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 75ാം ജന്മദിനം പതിവു പോലെ ആഘോഷങ്ങളില്ലാതെ ലളിതമായി നടന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പുതുഞായര്‍ ദിനമായ ഇന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശുദ്ധ കുര്‍ബാന അർപ്പിച്ചു ദൈവത്തിന് നന്ദി പറഞ്ഞു.
സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ സഭാകാര്യാലയത്തിലെ സഹപ്രവര്‍ത്തകരും വൈദികരും സന്യസ്തരും കര്‍ദിനാളിന് ജന്മദിനാശംസകള്‍ നേര്‍ന്നു. കര്‍ദിനാള്‍ മാർ ആലഞ്ചേരി പിറന്നാൾ കേക്ക് മുറിച്ചു.രാവിലെ മുതൽ തന്നെ ജന്മദിനാശംസകൾ നേർന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് മാർ ആലഞ്ചേരിക്ക് ആശംസാ പ്രവാഹമായിരുന്നു. വിളിച്ചവർക്കെല്ലാം നന്ദി പറഞ്ഞ കർദിനാൾ രോഗഗ്രസ്ഥമായ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടു.

ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ജനിച്ചു. ആലുവ മേജര്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി, 1972 ഡിസംബര്‍ 18 ന് ആർച്ച് ബിഷപ് മാർ ആന്റണി പടിയറയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു.
കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനാറാളായി നിയമിതനായി.

1996 ല്‍ തക്കല കേന്ദ്രമാക്കി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിൽ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണകര്‍മ്മം നടത്തിയത് സീറോ മലബാർ സഭാ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാർ വര്‍ക്കി വിതയത്തിലാണ്.

2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുത്തു. 2011 മെയ് 29 ന് സ്ഥാനാരോഹണം ചെയ്തു.

സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ മാർ ജോര്‍ജ് ആലഞ്ചേരിയെ ബനഡിക്റ്റ് പതിനാറാമന്‍ മാർപാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.