കെഎസ്ആർടിസി തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും: സ്വകാര്യ വാഹനങ്ങൾക്ക് ഇളവ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ലോക് ഡൗണിയിൽ ഇളവ് പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചു.
റെഡ് സോണിൽ ഉൾപ്പെടാത്ത ജില്ലകളിൽ ആണ് സർവീസ് തുടങ്ങുന്നത്. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ്സോണായി പ്രഖ്യാപിചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങും.

ഓറഞ്ച് എ, ബി സോണുകളിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള
നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് എ സോണിലുള്ള കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഈ മാസം 24 ന് ശേഷവും ഓറഞ്ച് ബി സോണിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 20 ന് ശേഷവും സ്വകാര്യ വാഹനങ്ങൾ രജിസ്ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഓടിക്കാം.
എന്നാൽ ഈ സോണുകളിൽ ഹോട്ട് സ്‌പോട്ട് മേഖലകളിലുള്ള വാഹനങ്ങൾക്ക് ഈ ഇളവുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.
ഒറ്റ- ഇരട്ട നമ്പറിലുള്ള വാഹനങ്ങൾ ഇടവിട്ട് നിരത്തിലിറക്കാം. ഒറ്റ അക്ക രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റോഡിലിറക്കാൻ സാധിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറുകളും അനുവദിക്കു.

ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിൽ മറ്റു ജില്ലകളിലേക്കുള്ള ഗതാഗതം ഒഴികെ യാത്ര അനുവദനീയമായിരിക്കും. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെയെ യാത്ര ചെയ്യാൻ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളൂ. എന്നാൽ കുടുംബാംഗങ്ങളാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാവുന്നതാണ്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.