എറണാകുളം മെഡിക്കൽ കോളേജിലും കൊറോണ പരിശോധനാ സൗകര്യം:

കൊച്ചി : കൊറോണ പരിശോധന ഇനി മുതൽ എറണാകുളം മെഡിക്കൽ കോളേജിലും നടത്താം. കളമശ്ശേരി മെഡിക്കൽ കോളജിലെ കൊറോണ സാമ്പിൾ പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം ലഭിച്ചു.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജില്ലയിൽ നിന്നുള്ള കൊറോണ സാമ്പിളുകൾ പരിശോധിച്ചിരുന്നത്. എന്നാൽ ഇതിന് കാലതാമസം നേരിടുന്നതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ പരിശോധന അഥവാ ആർ.ടി.പി.സി.ആർ ലബോറട്ടറി സജ്ജമാക്കിയത്. ജില്ലയിൽ കൊറോണ പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും. ദിവസേന 180 സാമ്പിളുകളാണ് ലാബിൽ പരിശോധിക്കാൻ സാധിക്കുക.

നിപാ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടർമാർക്കാണ് ലാബിന്റെ ചുമതല. ഒന്നേകാൽ കോടി രൂപയാണ് ലാബിന്റെ സജ്ജീകരണത്തിനായി ഇതുവരെ ചെലവായിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നും പ്രവാസികളെത്തുമ്പോൾ  പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കേണ്ടിവരും,  ഈ സാഹചര്യത്തിലാണ് അടിയന്തരമായി ലാബ് സജ്ജികരിച്ചത്.