വാറ്റുകാരെ പിടിക്കാൻ വീട്ടമ്മമാരുടെ ‘ റെയ്ഡ് ‘ ; പരിശോധന ഊർജിതമാക്കും

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കള്ളവാറ്റ് പിടിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീട്ടമ്മമാര്‍ നടത്തിയ പരിശോധനകളില്‍ നൂറ് ലിറ്റര്‍ വാഷ് കണ്ടെടുത്തു. കാരശേരി എള്ളങ്ങല്‍ കോളനിയിലും പരസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വരും ദിവസങ്ങളിലും ‘റെയ്ഡ്’ ഊർജിതമാക്കാനാണ് ഇവരുടെ പരിപാടി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വ്യാജ വാറ്റ് കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഇവര്‍. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീയിലെ വീട്ടമ്മമാരാണ് ചാരായ വേട്ടക്കിറങ്ങിയത്. റബ്ബര്‍ തോട്ടത്തിലെ കുഴിയിലെ രഹസ്യമായി സൂക്ഷിച്ച വാഷ് കണ്ടെടുത്തു. നൂറ് ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്. വാഷ് പിടികൂടിയ ശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഷ് നശിപ്പിച്ചു.

ലോക് ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെയാണ് പ്രദേശത്ത് വ്യാജവാറ്റ് സജീവമായതെന്ന് വീട്ടമ്മമാര്‍ പറയുന്നു. വരും ദിവസങ്ങളിലും വ്യാജ വാറ്റ് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരാനാണ് വീട്ടമ്മമാരുടെ തീരുമാനം.