പി ആർ മണ്ടന്മാർക്ക് അഭിനന്ദനങ്ങൾ; പിണറായിക്കെതിരേ ബൽറാമും

പാലക്കാട്: കെ എം ഷാജി എം എല്‍ എക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി വി ടി ബല്‍റാം എം എല്‍ എ. സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബല്‍റാമിന്‍റെ കുറിപ്പ്.

ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

“ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പിആർ വർക്കിന് കൊണ്ടുവന്നിട്ടുള്ള ആ 12 എണ്ണത്തിനെ എത്രയും പെട്ടെന്ന് പറഞ്ഞുവിട്ടാൽ ക്യാപ്റ്റന് നന്ന്. കാരണം അമ്മാതിരി ചെയ്ത്തല്ലേ അവന്മാർ ഇന്ന് ചെയ്തത്.

മലയാളികൾ പഴയത് പലതും മറന്നു തുടങ്ങിയ ഈ ദുരിതകാലത്ത് വീണ്ടും സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരൻറെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

ഏതായാലും ഏതാനും ആഴ്ചകളിലെ കരുതൽ പ്രച്ഛന്നവേഷത്തിന് ശേഷം ദ് റിയൽ പിണറായി വിജയൻ ഈസ് ബാക്ക്. വെൽക്കം സഖാവേ”.