കോഴിക്കോട്: സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് ബ്ലാക്ക്മാന് വസ്ത്രങ്ങള്‍.
കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. പരിസരവാസിയല്ലാത്ത യുവാവിനെ കണ്ട നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ വിവരമറീയിക്കുകയായിരുന്നു.
താമസസ്ഥലത്തെ കുറിച്ചുള്ള അവ്യക്തമായ വിവരമാണ് ഇയാളുടെ മുറി പരിശോധിക്കാന്‍ ഇടയാക്കിയത്. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഇടക്കിടെ ഈ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാറുള്ളതായി പൊലീസ് പറഞ്ഞു.
ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്. പന്തീരാങ്കാവ് സ്റ്റേഷന് പരിധിയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങള്‍ വ്യാപകമായെന്ന പരാതിക്കിടയിലാണ് ബ്ലാക്ക്മാന് വസ്ത്രങ്ങളുമായി യുവാവ് പിടിയിലാവുന്നത്. നഗരപരിധിയില്‍ ലോക് ഡൗണ്‍ സമയത്ത് ഇയാള്‍ക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.