വിവാദ കമ്പനിയെ മുഖ്യമന്ത്രി ക്ഷണിച്ചു കൊണ്ടുവന്നത്: മുലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തുരം:കൊറോണക്കാലത്ത് സഹായവുമായി വിവാദമായ അമേരിക്കൻ സ്പ്രിങ്കളർ കമ്പനി രംഗത്തുവന്നത് മുഖ്യമന്ത്രിയടക്കമുള്ള ഉന്നതന്‍മാര്‍ ക്ഷണിച്ചിട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സംസ്ഥാനത്തെ പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ വിവാദ പി.ആര്‍.കമ്പനിയായ സ്പ്രിങ്കളറിന് നേരിട്ട് കൈമറാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് കേരളീയ പൊതുസമൂഹത്തിന്റെ പ്രബുദ്ധതയുടെ വിജയമാണ്.
സാമ്രാജത്വ താല്‍പ്പര്യങ്ങളുമായി ചേര്‍ന്നു പോകുന്ന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ ഘടകക്ഷികളും കാട്ടിയ ജാഗ്രതയോടുള്ള നീക്കം ഫലം കണ്ടതിന് തെളിവാണ് ഉത്തരവില്‍ നിന്നും സര്‍ക്കാരിന്റെ പിന്‍മാറ്റം. ഡേറ്റാ കൈമാറാനുള്ള വിവാദ ഉത്തരവില്‍ നിന്നും തടിയൂരാനുള്ള സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിന്റെ ധാര്‍മ്മിക പോരാട്ടത്തിന്റെ വിജയമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

രാജ്യസുരക്ഷ അപകടപ്പെടുത്തി സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പോലീസിന്റെ അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡേറ്റകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നടപടി മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് തുറന്നുകാട്ടിയതാണ്. അതേ തുടര്‍ന്നാണ് അത്യന്തം ആപല്‍ക്കരമായ തീരുമാനം റദ്ദാക്കിയത്.

ഡാറ്റാ സ്‌ക്രേപ്പിംഗിലൂടെ ഒരു വ്യക്തിയെ സെന്റിമെന്റല്‍ അനാലിസിസ് നടത്തി സകലവിവരങ്ങളും കൈവശപ്പെടാത്താനാണ് ഈ കമ്പനിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. നാം ജീവിക്കുന്ന ഈ കാലഘട്ടം ഡാറ്റയുഗമാണെന്നകാര്യം വിസ്മരിച്ചുകൂടാ.ഡാറ്റാ സംവിധാനത്തിലൂടെ വിസ്മയങ്ങള്‍ കാട്ടാന്‍ കഴിയും. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധത്തിലൂടെയാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം തകര്‍ക്കപ്പെട്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു.