പാലക്കാട് : കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊറോണ രോഗബാധ മൂലം മരിച്ച നൂറണി സ്വദേശി ആർ.രാജശേഖർ ചെട്ടിയാർക്കു രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താനാകാതെ ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യ വകുപ്പുകൾ. പാലക്കാട്ടു നിന്നാണോ കോയമ്പത്തൂരിൽ നിന്നാണോ രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മരണം ഏതു സംസ്ഥാനത്തെ കണക്കിൽ ഉൾപ്പെടുത്തുമെന്നതു സംബന്ധിച്ചും അവ്യക്തതയുണ്ട്. ഇദ്ദേഹത്തെ ചികിത്സിച്ച ചെന്നൈ ഹോസ്പിറ്റൽസ് താൽക്കാലികമായി അടച്ചു.
സ്രവപരിശോധന ഉൾപ്പെടെ നടന്നതു തമിഴ്നാട്ടിലാണ്. ഈ സാഹചര്യത്തിൽ അവിടുത്തെ പട്ടികയിലാണ് മരണം ഉൾപ്പെടുത്തേണ്ടതെന്നാണു കേരളത്തിന്റെ നിലപാട്. കോയമ്പത്തൂരിൽ നിന്നാകാം ഇദ്ദേഹത്തിനു രോഗം പിടിപെട്ടതെന്നാണു കേരള ആരോഗ്യവകുപ്പിന്റെ നിഗമനം.
അതേസമയം, പാലക്കാട്ടു നിന്നു ചികിത്സ തേടി എത്തിയ വ്യക്തി എന്നാണു തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിലപാട്. രാജശേഖർ ചെട്ടിയാർ മാർച്ച് 25നു വയറുവേദന, ഛർദി ലക്ഷണങ്ങളോടെ പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. കോയമ്പത്തൂരിൽ . ആശുപത്രിയിലെ ഡോക്ടറും 19 നഴ്സുമാരും മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്. രാജശേഖർ ചെട്ടിയാരെ പ്രമേഹ രോഗത്തിനു ചികിത്സിച്ചിരുന്ന എസ്ജെ ഗ്യാസ്ട്രോ കെയറിലെ ഡോക്ടറും നിരീക്ഷണത്തിലാണ്.
രാജശേഖർ ചെട്ടിയാർ പാലക്കാട് വലിയങ്ങാടിയിലുള്ള ഇദ്ദേഹത്തിന്റെ ഹാർഡ്വെയർ ഷോപ്പിൽ കഴിഞ്ഞ മാസം 18 വരെ എത്തിയിരുന്നതായി ആരോഗ്യവകുപ്പ്. ദിവസവും 50 മുതൽ 100 പേർ സ്ഥാപനത്തിൽ എത്താറുണ്ട്.
നൂറണിയിലുള്ള വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിലാണ് കടയിലേക്കു പോകുന്നത്. ഇദ്ദേഹത്തിന്റെ സഹോദരനും 3 ജീവനക്കാരുമാണ് ഷോപ്പിലുള്ളത്. വീടിനു മുൻവശത്തു പഴവർഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ചു ജമ്മു കശ്മീരിൽ നിന്നും വാഹനങ്ങൾ എത്താറുണ്ട്.