വര്‍ക്കുഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്പ്യൂട്ടര്‍, ഫാന്‍, എ സി വില്‍പ്പന ശാലകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മേഖലകളില്‍ നല്‍കിയ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. വര്‍ക്കുഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്പ്യൂട്ടര്‍, ഫാന്‍, എ സി വില്‍പ്പന ശാലകള്‍ എന്നിവയാണ് ഇന്ന് തുറക്കുക. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

കര്‍ശന വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. പരമാവധി രണ്ടോ മൂന്നോ ജീവനക്കാരേ കടകളില്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടരുത്, സാമൂഹിക അകലം ഉറപ്പാക്കണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

വര്‍ക്കുഷോപ്പുകളില്‍ അത്യാവശ്യ അറ്റകുറ്റപ്പണികളേ നടത്താവൂ. പെയിന്റിംഗ്, ലെയ്ത്ത് തുടങ്ങിയ മേഖലകള്‍ക്ക് അനുമതിയില്ല. വര്‍ക്ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് തുറക്കാനാകുക.

രജിസ്‌ട്രേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകളില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫഌറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതിയുണ്ട്. കണ്ണട കടകള്‍ക്ക് തിങ്കളാഴ്ച തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്