മലപ്പുറത്ത് കൊറോണ ബാധിച്ചവർ നിരവധി പേരുമായി ഇടപഴകി; റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം : മലപ്പുറം ജില്ലയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച രണ്ടു പേർ കൂടുതൽ പേരുമായി ഇടപഴകി. ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ 30കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവർ ആണ്. ചുങ്കത്തറ
സ്വദേശി മാർച്ച്‌ 12 ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് ഇന്‍ഡിഗോ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തി. പിന്നീട് ഇയാൾ അങ്കമാലിയിൽ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രി 12 മണിയ്ക്ക് പെരിന്തല്‍മണ്ണയിലെത്തി തബ്‌ലീഗ് പള്ളിയില്‍ താമസിച്ചു. 13ന് വള്ളുവമ്പ്രം, 15ന് വെള്ളൂർ, 19ന് ആലത്തൂര്‍പ്പടി എന്നിവിടങ്ങളിൽ തബ്‌ലീഗ് പള്ളികളിൽ സംഘമായി താമസിക്കുകയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തു. മാര്‍ച്ച് 24ന് നിലമ്പൂര്‍ ചുങ്കത്തറയിലെ തബ്‌ലീഗ് പള്ളിയിൽ മൂന്ന് ദിവസം താമസിച്ചു. 27ന് അടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലേക്കും 31ന് രാവിലെ ചുങ്കത്തറയിലെ സ്വന്തം വീട്ടിലേക്കും മാറി. ഏപ്രില്‍ എട്ടിനാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ പരിശോധിച്ച് മടങ്ങിയത്.
രണ്ടാമത് രോഗം സ്ഥിരീകരിച്ച തെന്നല വാളക്കുളം സ്വദേശി മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുക്കുകയും മാർച്ച് 11 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂർ വഴി നാട്ടിലെത്തുകയും ചെയ്തു. മാര്‍ച്ച് 13ന് പെരിന്തല്‍മണ്ണയിലെ തബ്‌ലീഗ് പള്ളിയിൽ ജുമുഅ നമസ്കാരം നടത്തി. അന്ന് വൈകുന്നേരം പാലച്ചിറമാട് മദ്രസയിലും 14ന് കോഴിച്ചെനയിലും ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്തു. 19ന് കോട്ടക്കലിലുള്ള സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പം യോഗം ചേർന്നു. അന്ന് രാത്രി കോട്ടക്കൽ പള്ളിയിലും 20ന് ഉച്ചയ്ക്കും നൂറുകണക്കിന് പേർക്കൊപ്പം നമസ്‌കാരങ്ങളില്‍ പങ്കെടുത്തു. 21 മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല.

ഇരുവർക്കും സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. അതുകൊണ്ട് ജില്ലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകി. ഇവർ രണ്ടുപേരും കൂടുതൽ പേരുമായി ഇടപെഴകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇവരുമായി അടുത്ത് ഇടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.