കാസർകോട് /കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണെന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.കാസർകോട് മൂന്നു പേർക്കും കണ്ണൂരിൽ രണ്ടു പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പും പോലീസും മുന്നറിയിപ്പ് നൽകി.
കാസർകോട്,മുളിയാർ പഞ്ചായത്തിലെ പൊവ്വൽ സ്വദേശിനികളായ 52 ഉം 24 ഉം വയസുള്ള രണ്ട് സ്ത്രീകൾക്കും, കാസർകോട് മുനിസിപാലിറ്റിയിലെ തളങ്കര സ്വദേശിയായ 17 വയസുള്ള ആൺകുട്ടിക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ.എ.വി. രാംദാസ് അറിയിച്ചു.
അതേസമയം കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ ഇന്നുമുതൽ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ അറിയിച്ചു. ജനങ്ങൾക്ക് ഇപ്പോൾ പുറത്തിറങ്ങേണ്ട സാഹചര്യം ഇല്ല. അരി റേഷൻ കടവഴി വിതരണം ചെയ്തുകഴിഞ്ഞു. മരുന്ന്, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ പൊലീസിനെ ബന്ധപ്പെട്ട് കഴിഞ്ഞാൽ വീടുകളിൽ എത്തിക്കുന്നുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ഗ്രാമങ്ങളിലും ഡ്രോൺ ഉപയോഗിച്ചുള്ള നീരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
കണ്ണൂർ ജില്ലയിലും നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു . നഗരത്തിലെ പച്ചക്കറി മാർക്കറ്റിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇന്നുമുതൽ നിയന്ത്രണം കർശനമായി നടപ്പിലാക്കുമെന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ അറിയിച്ചു.
നഗരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മാത്രമേ മാർക്കറ്റിൽ പ്രവേശനം അനുവദിക്കൂ.
മരുന്നുകളും അവശ്യ സാധനങ്ങളും വീടുകളിലെത്തിക്കാൻ പോലീസ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് ഇനി കൂടുതൽ കർശനമായി നടപ്പിലാക്കും. തലശ്ശേരി ഡിവൈ.എസ്.പിക്ക് കീഴിൽ ഇന്നുമുതൽ മൂന്ന് പഞ്ചായത്തുകൾ കൂടി പൂർണ ലോക്ക് ഡൗണിന് കീഴിലാക്കും. ചൊക്ളി, ന്യൂ മാഹി, പന്ന്യനൂർ എന്നീ പഞ്ചായത്തുകളാണ് ഇന്നുമുതൽ സമ്പൂർണ ക്വാറന്റൈന് കീഴിൽ വരിക. നേരത്തെ 7 പഞ്ചായത്തുകൾ പൂർണ ലോക്ക് ഡൗണിലാണ്.
ഇതുവരെ ആകെ 59 കേസുകളാണ് പോസിറ്റീവ് കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
ഇതിൽ 48 കേസും തലശേരി താലൂക്കിലാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് വന്നവർക്കാണ് കൊറോണ ബാധ കൂടുതലായും സ്ഥിരീകരിച്ചത്.