ചങ്ങനാശേരി : മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി സ്വയം സമർപ്പിച്ച യേശുനാഥന്റെ കുരിശിലെ സ്നേഹം നാം മാത്യകയാക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ദുഃഖവെള്ളിയിലെ അത്ഭുതമാണ് ദൈവസ്നേഹം. എന്നാൽ ഈ സത്യം നാം മറന്നു പോകുന്നു.
മനുഷ്യൻ മനുഷ്യനിൽ നിന്നകലുമ്പോൾ ദൈവസ്നേഹത്തിൽ നിന്നും അകലുമെന്ന് ദു:ഖവെള്ളിയാഴ്ച സന്ദേശത്തിൽ മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം മനുഷ്യന്റെ ഈ സ്നേഹരാഹിത്യമാണ്.
തന്നിലേയ്ക്ക് തന്നെ ചുരുങ്ങി സ്വാർഥരായി കഴിയുന്നു.
കൊറോണയടക്കമുള്ള പ്രശ്നങ്ങൾ സ്നേഹരാഹിത്യത്തിൽ നിന്നു ടലെടുത്തതാണ്. ദൈവം മനുഷ്യനെ ഒരിക്കലും ശിക്ഷിക്കുന്നില്ല.എന്നാൽ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് വീണ്ടെടുക്കും. ഇവിടെയാണ് ക്രിസ്തുവിന്റെ കുരിശിലെ സ്നേഹത്തിന്റെ മഹനീയത. ഈ മാത്യക സ്വീകരിച്ച്, സ്വയം മറന്ന് മറ്റുള്ളവർക്കായി ജീവിക്കന്നവരെ ഇന്നു നാം ചുറ്റും കാണുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം ജീവൻപോലും തൃണവൽക്കരിച്ച് മുഴുകുന്ന എത്രയോ വൈദികരെയും സിസ്റ്റേഴ്സിനെയും ആരോഗ്യ പ്രവർത്തകരെയും കാണാൻ കഴിയും.അവരാണ് ക്രിസ്തു സ്നേഹത്തിന്റെ കാലഘട്ടത്തിലെ ജീവസുറ്റ പ്രതീകങ്ങളെന്ന് ആർച്ച് ബിഷപ് മാർ പെരുന്തോട്ടം പറഞ്ഞു.
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസികൾ ലൈവ് സ്ട്രീമിംഗിലൂടെ ശുശ്രൂഷകളിൽ പങ്കാളികളായി. പതിവിൽ നിന്ന് വ്യത്യസ്തമായി കുരിശിന്റെ വഴി ഉണ്ടായിരുന്നില്ല. ശുശ്രൂഷകളുടെ സമാപനത്തിൽ ഭവനങ്ങങ്ങളിൽ ആയിരിക്കുന്നവർ കുരിശു രൂപം ചുംബിക്കണമെന്ന ആർച്ച് ബിഷപിന്റെ നിർദ്ദേശം വിശ്വാസികൾ പാലിച്ച് ദു:ഖവെള്ളിയുടെ സ്മരണ പുതുക്കി. എല്ലാ ദേവാലയങ്ങളിലും ശുശ്രൂഷകൾ ലൈവായി കാണാൻ സൗകര്യമൊരുക്കിയിരുന്നു.