പ്രായോഗിക രാഷ്ട്രീയത്തിന്‍റെ അമരക്കാരൻ ; ‘കെ എം മാണി’ ; നായകന്റെ സ്മരണയിൽ പാലാ

കോട്ടയം: പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പകരം വയ്ക്കാനാകാത്ത മുഖം… കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക്. പാലയെന്ന പേരിനൊപ്പം ചേര്‍ന്ന കെഎം മാണിക്ക് അങ്ങനെ വിശേഷണങ്ങള്‍ ഏറെയായിരുന്നു. ഇന്ന് കേരള കോൺ​ഗ്രസ് എം അധ്യക്ഷൻ കെഎം മാണിയുടെ ഒന്നാം ചരമവാ‍ർഷികം.

കരിങ്ങോഴയ്ക്കൽ വീടിന്റെ ഗേറ്റ് ഇപ്പോഴും ആർക്കും മുന്നിൽ അടയുന്നില്ല. പാർട്ടി പ്രവർത്തകരും നാട്ടുകാരും ഇപ്പോഴും പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തുന്നു. ഇടയ്ക്കൊന്ന് ഈ വീട്ടിൽ എത്തിയില്ലെങ്കിൽ സ്വന്തം വീട് അന്വേഷിക്കാത്തതു പോലെ തോന്നുന്ന പല പാർട്ടി പ്രവർത്തകരും പാലായിലുണ്ട്. വരുന്നവർക്കു സ്വാഗതമേകി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ വീട്ടിലുണ്ട്. ജോസ് കെ.മാണി എംപിയും മിക്ക സമയത്തും വീട്ടിലെത്തും.

കെ.എം.മാണിയുടെ ഓഫിസ് മുറി അടക്കം എല്ലാം അതുപോലെ തന്നെയുണ്ട്. ചിരിച്ചു കൊണ്ട് എല്ലാവരെയും സ്വീകരിക്കുന്ന കെ.എം. മാണി പൂമുഖത്ത് എത്തിയാൽ കാണാവുന്ന വലിയ ഒരു ഛായാചിത്രമായി സ്വീകരണ മുറിയിൽ നിൽക്കുന്നു. പാർട്ടിക്കാര്യങ്ങൾ പറഞ്ഞും ജില്ലയിലെയും പാലായിലെയും വികസന പ്രശ്നങ്ങൾ പറഞ്ഞും ആളുകൾ എത്തുന്നുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. മാണി സാർ ഉള്ള സമയത്തെപ്പോലെ തന്നെ സേവനങ്ങൾ ചെയ്യാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂമുഖത്തെ വലിയ തടി ബെഞ്ചിൽ കുട്ടിയമ്മ ഇടയ്ക്കു വന്ന് ഒറ്റയ്ക്കിരിക്കും. തിരക്കുകൾ ഒഴിഞ്ഞ് രാത്രിയിൽ കെ.എം. മാണിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്നാണ് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും കുട്ടിയമ്മ സംസാരിച്ചിരുന്നത്. മാണിയെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകൾ വെട്ടിയെടുത്തു സൂക്ഷിക്കുന്ന സ്വഭാവം കുട്ടിയമ്മയ്ക്കുണ്ട്. കഴിഞ്ഞ ദിവസം കെ.എം. മാണി അനുസ്മരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന വാർത്ത വരെ വെട്ടിസൂക്ഷിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തു‌ട‍‍‍ർന്നുള്ള ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അനുസ്മരണ പരിപാടികൾ ഒഴിവാക്കി കാരുണ്യപ്രവ‍ർത്തനങ്ങൾ നടത്തിയാണ് കേരള കോൺ​ഗ്രസ് എം പ്രവർത്തകർ ഓർമദിനം ആചരിക്കുന്നത്.
മാണിയോടുള്ള ആദരസൂചകമായി ഇന്ന് പ്രവർത്തകർ കോവിഡ് സേവന പരിപാടികളിൽ സജീവമാകുമെന്ന് ജോസഫ് വിഭാഗവും അറിയിച്ചിട്ടുണ്ട്.

1965 മുതല്‍ ഒരിക്കല്‍ പോലും തോല്‍വിക്ക് വിട്ട് കൊടുക്കാതെ 13 തവണയാണ് പാലാക്കാര്‍ കെഎം മാണിയെ വിജയപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ കെഎം മാണിക്കൊപ്പം പല റെക്കോര്‍ഡുകളും കൂടെ പോന്നു.

സംസ്ഥാനത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമിട്ടത് കെഎം മാണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു. പിളരും തോറും വളരുന്ന പാര്‍ട്ടിയെന്ന വിശേഷമാണ് കേരള കോണ്‍ഗ്രസിന് കെഎം മാണി നല്‍കിയിരുന്നത്.‌

1977 മുതല്‍ തുടങ്ങിയ പിളര്‍പ്പുകളില്‍ ഭൂരിപക്ഷം പേരെ ഒപ്പം നിര്‍ത്താൻ എപ്പോഴും കെഎം മാണിക്ക് കഴിഞ്ഞു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തിയും വിലപേശല്‍ ശേഷിയും ബോധ്യമുള്ള നേതാവായിരുന്നു മാണി. രാഷ്ട്രീയ ജീവിതത്തില്‍ നിരവധി വിവാദങ്ങളും മാണിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതൊക്ക തരണം ചെയ്ത് എന്നും അണികള്‍ക്കിടയില് കരുത്തനായി നിന്നു. കെഎം മാണിക്ക് മുൻപും പിൻപും എന്ന് കേരളാ രാഷ്ട്രീയവും കേരളാ കോണ്‍ഗ്രസ് ചരിത്രവും മാറ്റിയെഴുതപ്പെട്ടു. കെഎം മാണിയുടെ മരണ ശേഷം പാല ആദ്യമായി പാര്‍ട്ടിക്ക് നഷ്ടമായി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും പിളര്‍ന്ന് രണ്ട് വഴിക്കായി.