തിരുവനന്തപുരം: വളം, വിത്ത് കടകൾക്കു രാവിലെ ഏഴു മണി മുതൽ 11 വരെ പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ വിദ്യാർഥികൾക്കായി ബുക്ഷോപ്പുകൾ തുറക്കും. ഈസ്റ്ററിനും വിഷുവിനും കർശനമായി ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അശ്രദ്ധയുണ്ടായാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്.
എല്ലാ ജപ്തി നടപടികളും ഒഴിവാക്കണം. ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നതു ദൗർഭാഗ്യകരമാണ്. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്ന് പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു. കോവിഡ് രോഗം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ നിർദേശങ്ങളും സർക്കാർ മുന്നോട്ടുവച്ചു. പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത വ്യവസായങ്ങൾക്ക് 14 ദിവസത്തിനകം അനുമതി നൽകും. മാസ്ക്, സാനിറ്റൈസർ നിർമാണത്തിൽ ചെറുകിട വ്യവസായ മേഖല ഇടപെടണം. കോവിഡ് കാരണം ഒരു സ്ഥാപനവും അടച്ചുപൂട്ടില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.