രാജ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആള്‍ക്കൂട്ട സമ്മേളനങ്ങള്‍ നടത്തിയും പൊതുനിരത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടും പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ അക്ഷീണം ശ്രമിക്കുമ്പോള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന അട്ടിമറി ശ്രമങ്ങളെ നിസാരവല്‍ക്കരിക്കരുത്. നിയന്ത്രണങ്ങളും നിരോധനങ്ങളും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരുകള്‍ കര്‍ക്കശമായി നടപ്പിലാക്കണം. സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളും വിട്ടുവീഴ്ചയില്ലാതെ അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കലഹങ്ങള്‍ സൃഷ്ടിച്ച് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ ആരെയും അനുവദിച്ചുകൂടാ.
ലോകമെമ്പാടും ക്രൈസ്തവര്‍ വിശുദ്ധവാരം ആചരിക്കുന്ന വേളയാണിത്. രാജ്യത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ദേവാലയ ശുശ്രൂഷകൾ വിശ്വാസി സമൂഹം ഒഴിവാക്കിയിരിക്കയാണ്. വിശ്വാസികൾ
സ്വഭവനങ്ങളില്‍ തീഷ്ണതയോടെ പ്രാര്‍ഥനാനിരതരായിരിക്കുന്നത് വലിയ മാതൃകയും സര്‍ക്കാര്‍ നിര്‍ദേശങ്ങളോടുള്ള പ്രതിബദ്ധതയുമാണ് പ്രകടിപ്പിക്കുന്നത്. കൊറോണയെ അതിജീവിക്കാനുള്ള പോരാട്ടത്തിൽ
ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലേയും ആരോഗ്യ, സാമൂഹ്യ വിഭാഗങ്ങളും അല്‍മായ സംഘടനകളും സേവന സന്നദ്ധ പ്രസ്ഥാനങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി സജീവമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.