വിദേശ രാജ്യങ്ങളിലും മുംബൈയിലുമായി കൊറോണ ബാധിച്ച് മരിച്ചത് 18 മലയാളികള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച്‌ ലോകത്തെ വിവിധ രാജ്യങ്ങളിലും മുംബൈയിലുമായി മരിച്ചത് 18 മലയാളികള്‍. ഔദ്യോഗികകണക്കുകള്‍ പുറത്തുവന്നാലെ മരണസംഖ്യ സംബന്ധിച്ച വ്യക്തത ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് അമേരിക്കയിലാണ്.

കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശിനി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍, ജോസ് തോമസ് എന്നിവര്‍ അമേരിക്കയില്‍ മരിച്ചു. അജ്മാനില്‍ ആലഞ്ചേരി സ്വദേശി ഹാരിസ് മരിച്ചു. യു.കെയില്‍ കൊല്ലം സ്വദേശിനി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് എന്നിവര്‍ മരിച്ചു. ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ് എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ എന്നിവര്‍ മരിച്ചു. അയര്‍ലന്‍ഡില്‍ കോട്ടയം കുറുപ്പന്തര സ്വദേശി ബീന, സൗദിയില്‍ മലപ്പുറം സ്വദേശി നൗഫാന്‍ എന്നിവരും ഏപ്രില്‍ അഞ്ചിന് മരിച്ചു. ഏപ്രില്‍ നാലിന് സൗദി അറേബ്യയില്‍ പി.ആര്‍ ഷബനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവര്‍ മരിച്ചു. ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം സ്വദേശി ഹംസ എന്നിവര്‍ മരിച്ചു.
ഏപ്രില്‍ ഒന്നിന് മുംബൈയില്‍ കതിരൂര്‍ സ്വദേശി അശോകന്‍, ദുബായില്‍ തൃശ്ശൂര്‍ കയ്പ്പമംഗലം സ്വദേശി പരീത് എന്നിവര്‍ മരിച്ചു. മാര്‍ച്ച്‌ 31 ന് അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി തോമസ് ഡാനിയലും കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.