അടിയന്തര ചികിത്സ തേടി അൻവിതയുമായി ആംബുലൻസ് ഹൈദരബാദിന്

ആലപ്പുഴ: കണ്ണിന് അർബുദം ബാധിച്ച് അടിയന്തര ചികിത്സ വേണ്ട ഒന്നര വയസുകാരി അൻവിതയുമായി ആംബുലൻസ് പുറപ്പെട്ടു. കണ്ണിനു റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന അർബുദത്തെ തുടർന്നു ഹൈദരാബാദിലെ എൽവി പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ് ചേർത്തല സ്വദേശികളായ വിനീത് വിജയന്റെയും ഗോപികയുടെയും മകൾ അൻവിത. സംസ്ഥാന സർക്കാരിന്റെ ചിലവിൽ പ്രത്യേക ആംബുലൻസിലാണ് കുട്ടിയെ ഹൈദരാബാദിലെത്തിക്കുന്നത്.
ചികിത്സയുടെ അവസാനഘട്ടത്തിൽ 21 ദിവസത്തെ ഇടവേളയിൽ ചെയ്യേണ്ട 3 കീമോ തെറപ്പിയിൽ 2 എണ്ണം ബാക്കിയാണ്. ആ മാസം ഏഴാം തിയതിയാണ് രണ്ടാമത്തെ കീമോ നിശ്ചയിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്നു കുടുംബം ആശങ്കയിലായപ്പോഴാണു സർക്കാർ ഇടപെട്ട് സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയത്.

കെഎൽ32എൻ 9364 എന്ന ആംബുലൻസിൽ ഇന്നു രാവിലെ ചേർത്തലയിലെ വീട്ടിൽ നിന്നു പുറപ്പെട്ടു
നാളെ ഉച്ചയോടെ ഹൈദരാബാദിലെത്താനാകും. 7ന് രാവിലെ എൽവി പ്രസാദ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. പരിശോധനകൾക്കു ശേഷം അപ്പോളോ ആശുപത്രിയിലെത്തും. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമാണു തിരികെയെത്തുക.