വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ്: ഉദേശിച്ചത് മൂല്യമില്ലാത്ത മാധ്യമ പ്രവർത്തകരെ ; ന്യായീകരിച്ച് പ്രതിഭ

ആലപ്പുഴ: തനിക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർ‌ത്തകരെ അധിക്ഷേപിച്ച സംഭവത്തിൽ വിവാദം പടുരുമ്പോൾ തന്റെ പരാമർശങ്ങളെ ന്യായീകരിച്ച് വീണ്ടു കായംകുളം എംഎൽഎ. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ താനും ചെയ്തുള്ളൂ എന്നാണ് യു പ്രതിഭ എംഎൽഎയുടെ നിലപാട്. വിവാദങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലായിരുന്നു പ്രതികരണം.
മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചത്. അതിഥി തൊഴിലാളികളോടുള്ള പരിഗണന പോലും ചില മാധ്യമ പ്രവർത്തകർ തനിക്ക് നൽകുന്നില്ല. ചില മാധ്യമ പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുകയാണ്. അവരെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെന്ന് എംഎൽഎ വിശദീകരിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകവും രം​ഗത്തെത്തി. പ്രതിഭക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

എംഎൽഎയുടെ പ്രസ്താവന അനുചിതമായെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. എംഎൽഎ ഉപയോഗിച്ച പദപ്രയോഗങ്ങൾ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സിപിഐയും എംഎൽഎക്കെതിരെ രം​ഗത്തുവന്നു.

യു പ്രതിഭ എംഎൽഎയുടെ പോസ്റ്റിന്റെ പൂർണരൂപം-

പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ കർ എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എൻറെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും . കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു..എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത് .മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാംക കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം ..എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ 🙏