മലപ്പുറം: ഉംറ കഴിഞ്ഞെത്തിയയാൾ ക്വാറന്റയ്ൻ പാലിക്കാതെ വീഴ്ച വരുത്തിയതിനാൽ 85 കാരനായ പിതാവിന് കൊറോണ ബാധിച്ചു. ഗുരുതരമായ വീഴ്ചയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്നും മന്ത്രി കെ.ടി. ജലീൽ. മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. മാർച്ച് 11-ന് നാട്ടിലെത്തിയ മകൻ 13-ാം തീയതി പിതാവിനെ സന്ദർശിക്കാൻ പാണ്ടിക്കാട് എത്തി. തുടർന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതർ അടപ്പിച്ചിട്ടുണ്ട്
അതേസമയം, ക്വാറന്റയ്ൻ പാലിക്കാതിരുന്ന മകൻ നിരവധി പേരുമായി ഈ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണ്ടെത്തൽ. ആനക്കയത്ത് ഒരു വലിയ സംഗമത്തിലടക്കം ഇയാൾ പങ്കെടുത്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട മുഴുവൻ പേരും ക്വാറന്റയ്നിൽ പോകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.