കൊറോണ നേരിടാൻ നാരങ്ങാ വെള്ളം; ഡോ. അഷ്റഫിന്റെ പേരിൽ വ്യാജസന്ദേശം ; ഡോക്ടർ പരാതി നൽകി, പ്രചരിപ്പിച്ചവർ കുടുങ്ങും

പരിയാരം: ലോകത്തിന് ഭീഷണിയായ കൊറോണ നേരിടാൻ നാരങ്ങാ വെള്ളം കുടിച്ചാൽ മതിയെന്ന അഭിപ്രായവുമായി ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പരാതി.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയും ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ്.എം.അഷ്റഫിന്റെ പേരിലാണ് സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പരക്കുന്നത്. ഇതിനെതിരേ ഡോ. അഷ്റഫ് സൈബർ സെല്ലിലും പരിയാരം പോലീസിലും പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.

കൊറോണ വൈറസിനെ തകർക്കാൻ വൈറ്റമിൻ സിയാണ് ആവശ്യമെന്നും അതുകൊണ്ട് നാരങ്ങ തോലു സഹിതം വെള്ളത്തിൽ കലർത്തി കുടിക്കണമെന്നും ഇതിൽ പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ചില മരുന്നുകമ്പനികൾ ഇതിന്റെ പ്രചാരണം തടയുകയായിരുന്നുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

രണ്ടുദിവസം മുമ്പാണ് ഡോക്ടറുടേതെന്ന പേരിൽ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്നുതന്നെ സന്ദേശം പ്രചരിക്കുകയും ചെയ്തു.

സന്ദേശത്തിലെ ശബ്ദം തന്റേതല്ലെന്നും ഇതിനെതിരേ നടപടി വേണമെന്നും ഡോ. അഷ്റഫ് പരാതിയിൽ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ഡോ. അഷ്റഫ് മറ്റൊരു സന്ദേശം പങ്കുവെച്ചിരുന്നു. ഏറെ ശാസ്ത്രീയവും വിജ്ഞാനപ്രദവുമായിരുന്നു ഈ സന്ദേശം. ഇതിനുപിന്നാലെയാണ് വ്യാജസന്ദേശവും വ്യാപകമായി പ്രചരിച്ചത്.