സൗജന്യ റേഷനരി അരി വഴിയില്‍ കെട്ടിക്കിടക്കുന്നു; ഇറക്കാൻ അമിത കൂലി ചോദിച്ച്‌ സിഐടിയു

തിരുവനന്തപുരം: നെടുമങ്ങാട് എന്‍എഫ്‌എസ്‌എ ഗോഡൗണിലേക്ക് എറണാകുളം കാലടിയില്‍ നിന്നെത്തിച്ച ലോഡ് കണക്കിന് അരി വഴിയില്‍ കെട്ടികിടക്കുന്നു. സൗജന്യ റേഷനരി ഇറക്കാന്‍ തൊഴിലാളി യൂണിയനുകള്‍ കൂടുതല്‍ കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാനാകാതെ അരി വാഹനത്തില്‍ കെട്ടിക്കിടക്കുന്നത്. കൊറോണ പ്രതിരോധ കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന്‍ തയ്യാറായില്ല. ഇന്ന് പുലര്‍ച്ചെയെത്തിച്ച അരിയുടെ ലോഡ് 10 മണിക്കൂറായി കെട്ടിക്കിടക്കുകയാണ്. അരി ഇറക്കുന്നതിന് വണ്ടി ഉടമകള്‍ 800 രൂപ നല്‍കണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം. സിഐടിയു പ്രവര്‍ത്തകര്‍ അധികകൂലി ചോദിച്ചത് മൂലം ലോഡ് ഇതുവരെയും ഇറക്കാനായില്ലെന്ന് അരിയുമായി എത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് അരിയെടുക്കാന്‍ പോയതെന്നും ഡ്രൈവർമാർ പറഞ്ഞു. മൂന്ന് ലോഡുകളിലായി രണ്ടായിരം ചാക്ക് അരിയാണ് എത്തിയത്. സാധാരണനിലയില്‍ മൂന്നൂറ് രൂപയാണ് ഇറക്കുകൂലിയായി നല്‍കുന്നത് ഈ സ്ഥാനത്താണ് ഇവര്‍ 800 രൂപ ആവശ്യപ്പെടുന്നതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.