കൊച്ചി: ഭക്ഷണം കൊടുത്തില്ലെന്ന് പരാതിപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയെ മർദിച്ച കേസിൽ ഉടമ അറസ്റ്റിൽ.
ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റീസ് ഉടമ ബിജു(47) വിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ഡൗൺ വന്നതിനെ തുടർന്ന് ജോലി ഇല്ലാതായതോടെ വരുമാനം നഷ്ടപ്പെട്ട യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെ ദുരിതത്തിലായിരുന്നു. കൂലിയും ഭക്ഷണവും വെള്ളവും നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയെ സമീപിച്ചെങ്കിലും നിരസിച്ചതോടെ ഇദ്ദേഹം ലേബർ ഓഫിസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫിസർ അബി സെബാസ്റ്റ്യൻ ഇടപെടുകയും ഭക്ഷണവും ശമ്പളവും നൽകുവാൻ ഉടമക്ക് നിർദേശം നൽകുകയും ചെയ്തു. ഇതോടെ പരാതിപ്പെട്ടത് ചോദ്യം ചെയ്ത് കൗശലേന്ദ്ര പാണ്ഡെയെ തൊഴിലുടമ മർദിച്ചെന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. ഇയാള് ഇപ്പോൾ ചികിത്സയിലാണ്. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം എളമക്കര പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.