കൊച്ചി: കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി ഇടപെടല്‍. കേരള സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയിലെ പത്തോര്‍ റോഡാണ് കര്‍ണാടക അടച്ചതെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തി കൈയേറിയാണ് കര്‍ണാടക റോഡുകള്‍ അടച്ചതെന്ന് കേരളം സത്യവാങ്മൂലം നല്കി. കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. കൊറോണ ഉള്ളയാളെ മാത്രമേ പരിശോധിക്കുവെന്ന് ഡോക്ടര്‍ പറയുമോ എന്നും കോടതി ചോദിച്ചു.
200 മീറ്റര്‍ കേരള അതിര്‍ത്തിയിലേക്ക് കര്‍ണാടക അതിക്രമിച്ച് കയറിയിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം ചികിത്സ കിട്ടാതെ ആറ് പേര് മരിച്ചുവെന്നും കേരളം ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കാസര്‍ഗോഡു നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക എജി ഹൈക്കോടതിയെ അറിയിച്ചു. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കര്‍ണാടക കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേര്‍തിരിച്ചു കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കര്‍ണാടക.