പായിപ്പാട്ടെ പ്രതിഷേധം; ഒത്തുചേരാൻ ആഹ്വാനം ചെയ്ത ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം: അടച്ചിടൽ നിർദേശങ്ങൾ ലംഘിച്ച് നാട്ടിലേക്ക് പോകണമെന്നാവശ്യവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട്ട് പ്രതിഷേധത്തിന് ഇറങ്ങിയ സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.കൂടുതൽ അറസ്റ്റ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് സൂചന.മുഹമ്മദ് റിഞ്ചു എന്ന ബംഗാളിയെ പോലീസ് നേരത്തേ അറസ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാൾ സ്വദേശിയായ അൻവർ അലിയെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ മുഹമ്മദ് റിഞ്ജുവിനെതിരേയും സമാന കുറ്റമാണ് ചുമത്തിയിരുന്നത്.

ഇക്കാര്യത്തിലെ ഗൂഢാലോചനയെ പറ്റി മുഖ്യമന്ത്രി ഇന്നലെ സൂചിപ്പിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കുചേർന്ന കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. പായിപ്പാട്ടെ ക്യാമ്പുകളിലെത്തി പോലീസ് കൂടുതൽ തെളിവെടുത്തിരുന്നു. കണ്ടാലറിയാവുന്ന രണ്ടായിരത്തിലേറെ പേർക്കെതിരേയാണ് കേസെടുത്തത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളറിയാൻ ഐജി ശ്രീജിത്ത് പായിപ്പാടെത്തി. ക്യാമ്പുകളിൽ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.