തിരുവനന്തപുരം : നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി കെന്നൽ ക്ലബ്ബ്. ഹോട്ടലുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി പൊതു ഇടങ്ങൾ അടഞ്ഞതോടെ നായ്ക്കൾക്കും ഭക്ഷണമില്ലതായി. ഈ നായ്ക്കൾക്ക് ഭക്ഷണം നൽകി വിശപ്പകറ്റനാണ് ട്രിവാൻഡ്രം കെന്നൽ ക്ലബ് രംഗത്തിറങ്ങിയിരിക്കുന്നത്. ആഹാരമില്ലാതെ
അലയുന്ന നായ്ക്കൾ ആക്രമണ സ്വഭാവം കാട്ടും. കടിപിടി കൂടും.മനുഷ്യർക്കെതിരേയും തിരിയും. ഇത് മുൻകൂട്ടി കണ്ടാണ് അവയ്ക്ക് ഭക്ഷണവും വെള്ളവും സൗകര്യങ്ങളും ഏർപ്പാടാക്കുന്നതെന്ന് കെന്നൽ ക്ലബ് സെക്രട്ടറി സതീഷ് കുമാർ അറിയിച്ചു.
തെരുവ് നായ്ക്കൾ കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചു എല്ലാ ദിവസവും രാത്രി ഒൻപതിന് ശേഷം കർമ്മനിരതരാകാനാണ് കെന്നൽ ക്ലബിന്റെ പദ്ധതി. കേരളാ പോലീസ് ഡോഗ് സ്‌കോഡിലെ ഡോ. ലോറൻസാണ് രാത്രി സമയം തിരഞ്ഞെടുക്കാൻ നിർദേശിച്ചത്. നിരോധനാജ്ഞ തീരുന്നതു വരെ നഗരത്തിലെ തെരുവ് നായ്ക്കൾക്ക് കുശാൽ. അടച്ചിടൽ കഴിയുന്നതോടെ നഗരത്തിലെ നായ്ക്കളും മര്യാദക്കാരാകുമെന്ന് പ്രതീക്ഷിക്കാം.