ഹെല്‍ത്ത് ഇന്‍സ്‌പെക്ടർക്ക് കൊറോണ ; നെടുമ്പാശേരിയിൽ നിന്ന് ?

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച 20 പേരില്‍ ഒരാള്‍ എറണാകുളത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. നെടുമ്പാശ്ശേരിയിലാണ് ഇദ്ദേഹം പ്രധാനമായും ജോലി ചെയ്തിരുന്നത്. ഒന്നോ രണ്ടോ ദിവസം റെയില്‍വേ സ്‌റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരോടും സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പാണ് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നത്. പിന്നീട് വിമാനത്താവളം അടച്ചു. തുടര്‍ച്ചയായ ഡ്യൂട്ടിയുടെ പശ്ചാത്തലത്തില്‍ അവിടെ ജോലി ചെയ്ത എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം തൊണ്ടവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.