കാൽ കഴുകൽ ശുശ്രൂഷയും കുരിശിന്റെ വഴിയും നടത്തരുത്: മാർ ആലഞ്ചേരി

കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ പെസഹാ വ്യാഴ്ചയിലെ കാൽകഴുകൽ ശുശ്രുഷയും ദു:ഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയും സ്ളീവാ ചുംബനവും പൂർണമായും ഒഴിവാക്കണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.
ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടതെന്ന് മാർ ആലഞ്ചേരി വൈദികർക്കും വിശ്വാസികൾക്കും നൽകിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
പെസഹാവ്യാഴാഴ്ച ഭവനങ്ങളിലെ അപ്പംമുറിക്കല്‍ ശുശ്രൂഷ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.കുടുംബകൂട്ടായ്മകളിലോ ബന്ധുക്കൾ ഒന്നുചേർന്നോ അപ്പംമുറിക്കരുത്. ഉയിര്‍പ്പുതിരുനാളിന്‍റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം ഞായറാഴ്ച രാവിലെ കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകുമെന്ന് കർദ്ദിനാൾ അറിയിച്ചു.ഓശാന ഞായറാഴ്ച വൈദികർ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവർക്കു മാത്രം കുരുത്തോലകള്‍ ആശീര്‍വ്വദിച്ച് നൽകിയാൽ മതിയാകും.
വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മത്തിൽ ജനങ്ങള്‍ക്ക് നല്കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല.
ബിഷപ്പുമാർ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അഞ്ചിൽ കൂടാത്ത ശുശ്രൂഷകരുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മങ്ങള്‍ നടത്തണം. കത്തീഡ്രല്‍, ഇടവക ദേവാലയങ്ങളിൽ നിന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കായി സംപ്രേഷണം ചെയ്യേണ്ടതാണ്.
ഈശോയുടെ സഹനങ്ങളോട് ചേര്‍ന്ന് കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ദൈവത്തോട് കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാൻ വിശുദ്ധവാരത്തിൽ വിശ്വാസികൾക്ക് കടമയുണ്ട്.
വിശുദ്ധവാര ദിവസങ്ങള്‍ കുടുംബാംഗങ്ങൾ പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ച് ആത്മീയ ചൈതന്യത്താൽ നിറയണമെന്ന് കർദിനാൾ ഓർമ്മിപ്പിച്ചു.