കൊറോണ:ഡോക്ടര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; നടപടിക്കൊരുങ്ങി മലയാളി ഡോക്ടർ

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിനൊപ്പം വ്യാജവാര്‍ത്തകള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാന്‍. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡല്‍ഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശിയായ റിയാസ് ഉസ്മാന്റെ ചിത്രം പ്രചരിച്ചത്. ഡല്‍ഹിയില്‍ അങ്ങനെയൊരു സംഭവമേ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള നിരവധി വ്യാജവാര്‍ത്തകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതെല്ലാം വിശ്വസിച്ച്‌ പങ്കുവെയ്ക്കുന്നവരും ഏറെ. തെറ്റായ വിവരങ്ങള്‍ പടച്ചുവിടുന്നതും പങ്കുവെയ്ക്കുന്നതുമെല്ലാം കുറ്റമാണിന്നിരിക്കെ ആരും ഇത് ഗൗനിക്കാറില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ ഉസാമ റിയാസ് എന്ന ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചിലര്‍ ഡല്‍ഹിയിലെ ഉസ്മാന്‍ റിയാസ് എന്ന ഡോക്ടര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതിനൊപ്പം നല്‍കിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും. റിയാസ് ഉസ്മാന്റെ ആശുപത്രി വെബ്‌സൈറ്റിലെ ഫോട്ടോയാണ് ഇവര്‍ ഉപയോഗിച്ചത്. ഫോട്ടോയ്‌ക്കൊപ്പം പൂച്ചെണ്ടുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍നിന്നും കര്‍ണാടകയില്‍നിന്നും നിയന്ത്രിക്കുന്ന ചില ഫെയ്‌സ്ബുക്ക് പേജുകളില്‍ പങ്കുവെച്ച ഈ വ്യാജവാര്‍ത്ത നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ രോഗികളടക്കം കാര്യം തിരക്കി വിളിച്ചു. ആശുപത്രിയിലും ആളുകള്‍ വിളിച്ചുചോദിച്ചു. തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചെന്നും സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും റിയാസ് ഉസ്മാന്‍ വ്യക്തമാക്കി. നേരത്തെ കേരളത്തില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം 2016 മുതല്‍ യു.എ.ഇയിലുണ്ട്.