ലോക്ഡൗൺ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്രയോട് ഡി.ജി.പി വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ വിശദീകരണം തേടി. കണ്ണൂര്‍ അഴിക്കലില്‍ തുറന്നിരുന്ന കടയ്ക്കു മുന്‍പില്‍ കൂട്ടംകൂടി നിന്നവരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്. എന്നാൽ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.

വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. പ്രധാനമന്ത്രി പറഞ്ഞിട്ടും മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിക്കാൻ കഴിയില്ലെങ്കിൽ ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും പൊലീസിനു വേറെ പണിയുണ്ടെന്നും പറഞ്ഞായിരുന്നു എസ്പിയുടെ നടപടി. ഇതിനു പുറമേ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കില്ല, വീട്ടിൽ തന്നെ ഇരിക്കുമെന്ന് ഇവരിൽ നിന്ന് ഉറപ്പും വാങ്ങി. അനാവശ്യമായി റോഡിലിറങ്ങുന്നവരെ പൊലീസ് കായികമായി കൈകാര്യം ചെയ്യുന്നുവെന്നു വിമർശമുയർന്നതോടെയാണ് യതീഷ്ചന്ദ്ര വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. ജനങ്ങൾ ലോക്ഡൗൺ ലംഘിച്ചാൽ പൊലീസിന് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ശിക്ഷ നനൽകിയത്. കുട്ടികൾ തെറ്റു ചെയ്താൽ അധ്യാപകർ ശിക്ഷ നൽകുന്നതുപോലെ കണ്ടാൽ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.