തിരുവനന്തപുരം: വീട്ടുനിരീക്ഷണത്തിനിടെ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്ക് സസ്പെൻഷൻ. വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത് ലംഘിച്ചതിനാണ് നടപടി.
ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ സിംഗപ്പൂർ, മലേഷ്യ യാത്രകൾക്ക് അവധിയിലായിരുന്നു അനുപം മിശ്ര.
യാത്ര കഴിഞ്ഞ് മാർച്ച് 18-ന് തിരിച്ചെത്തിയ ഇദ്ദേഹത്തോട് സിംഗപ്പൂർ, മലേഷ്യ രാജ്യങ്ങൾ സന്ദർശിച്ചതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കൊല്ലത്തെ ഔദ്യോഗിക വസതിയിൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.
തന്റെ കണ്ണുവെട്ടിച്ചാണ് വീട്ടിൽനിന്ന് അനുപം മിശ്ര പുറത്തുകടന്നതെന്ന് അദ്ദേഹത്തിന്റെ ഗൺമാൻ മൊഴി നൽകിയിരുന്നു. കളക്ടർ ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഗൺമാനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
വിവരങ്ങൾ തിരക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തിൽ തുടരുകയാണെന്നായിരുന്നു സബ് കളക്ടറുടെ മറുപടി. മാർച്ച് 26-ന് ആരോഗ്യപ്രവർത്തകർ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട മാർച്ച് 19-ന് തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി അനുപം കാൺപൂരിലേക്ക് പോയതായാണ് വിവരം.
തുടർന്ന് കളക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ താൻ ബെംഗളുരിവിലാണെന്ന് സബ് കളക്ടർ കളവ് പറഞ്ഞു. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാൺപൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്.
അനുപം മിശ്രയ്ക്കെതിരെ നടപടിവേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ കുറിച്ചുള്ള കൊല്ലം കളക്ടറുടെ റിപ്പോർട്ട്, സബ് കളക്ടർക്കെതിരെ അന്വേഷണം വേണമെന്ന ശുപാർശയോടെ റവന്യൂ മന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് അനുപം മിശ്രയുടെ നടപടിയെന്ന് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാതിരുന്നതും കളക്ടർക്ക് തെറ്റായ വിവരം നൽകിയതും അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്.