നിരോധനാജ്ഞാ ലംഘനം കണ്ടെത്താന്‍ ഡ്രോണുകൾ

തിരുവവന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നാളെ മുതൽ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലകളിലും ഡ്രോൺ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തും.

വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും നാളെ മുതൽ വാഹന പരിശോധന ഉൾപ്പെടെയുള്ള പോലീസ് നടപടികൾ.
ഇതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി കാർഡ്, സത്യവാങ്മൂലം എന്നിവ കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല. ആവശ്യമെങ്കിൽ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ്.

പച്ചക്കറികൾ, മൽസ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാർത്ഥങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഒരു കാരണവശാലും തടയാൻ പാടില്ല. ബേക്കറി ഉൾപ്പെടെ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പോലീസ് പ്രവർത്തിക്കുന്നപക്ഷം പൊതുജനങ്ങൾക്ക് അക്കാര്യം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡി ജി പി യുടെ കൺട്രോൾ റൂമിനെ അറിയിക്കാം. ഫോൺ: 9497900999, 9497900286 , 0471 2722500.