കേരളത്തിൽ ഇന്ന് 39 പേര്‍ക്ക് കൊറോണ സ്ഥീരികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ രോ​ഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെ​ഗറ്റീവാണ് ഫലം. 12 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെ​ഗറ്റീവാണ്.
ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തിന് എത്തിയത് , സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു. ഏറ്റവും കൂടുതൽ രോ​ഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസ‍‍ർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ​ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായേ മതിയാവൂ.

രോ​ഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.