കറങ്ങാനിറങ്ങിയവരെ പോലീസ് വിരട്ടി; നിയന്ത്രണം കർശനമാക്കും

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച അടച്ചിടൽ ലംഘിച്ച് ജനങ്ങൾ നിരത്തിലിറങ്ങിയത് പലയിടങ്ങളിലും പ്രശ്നങ്ങൾക്കിടയാക്കി.അടച്ചിടൽ നടപടികളെക്കുറിച്ച് പോലീസിനും ജനങ്ങൾക്കും ക്യത്യമായ ധാരണയില്ലാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ലോകമെങ്ങും കൊറോണ വ്യാപിക്കുമ്പോഴും തങ്ങൾക്കിത് പ്രശ്നമല്ലെന്ന മട്ടിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവർ ഏറെ. കറങ്ങാനിറങ്ങിയവരെ പലയിടങ്ങളിലും പോലീസ് വിരട്ടി തിരിച്ചയച്ചു. എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയവർ ഇതിനിടയിൽ ബുദ്ധിമുട്ടി.
ഇന്ന് രാവിലെ തമ്പാനൂരിൽ ഓട്ടോറിക്ഷകൾക്ക് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സർക്കാർ ഓഫീസുകളിൽ സമയത്തിനെത്താൻ തിങ്ങിനിറഞ്ഞുള്ള യാത്ര നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല.
കൊല്ലത്ത് തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച കശുവണ്ടി ഫാക്ടറി പൊലീസ് അടപ്പിച്ചു. ആലപ്പുഴയിൽ ചെമ്മീൻ പീലിംഗ് ഷെഡുകൾ പ്രവർത്തിക്കുന്നത് പോലീസ് നേരത്തേ തടഞ്ഞിരുന്നു. മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടത്തോടെ അടുക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രാവിലെ നിരവധി സ്വകാര്യ വാഹനങ്ങൾ ജില്ലയിൽ നിരത്തിറങ്ങിയെങ്കിലും പോലീസ് ഇടപെട്ട് തിരിച്ചയച്ചു.
എറണാകുളത്ത് 144 പ്രഖ്യാപിച്ചിരുന്നിട്ടും ചിലയിടങ്ങിൽ ബൈക്കിലിറങ്ങിയ യുവാക്കളെ പോലീസ് വിരട്ടി വിട്ടു. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന പെരുമ്പാവൂരിൽ ജനങ്ങൾക്ക് ആശങ്ക ഏറെയാണ്. അന്യസംസ്ഥാന ക്കാർ കൂട്ടത്തോടെ ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.
കണ്ണൂരില്‍ അടച്ചിടൽ ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.സമ്പൂര്‍ണമായി അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു.ഇരുചക്രവാഹനങ്ങളിലും കാല്‍നടയുമായാണ് കൂടുതല്‍ ആളുകളും ഇന്നു പുറത്തിറങ്ങിയത്. 
ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യം കര്‍ശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു.ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്നും യാത്രക്കാര്‍ക്കെതിരെ പെറ്റികേസ് ചുമത്തി പൊലീസ് വാഹനത്തില്‍ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
അടച്ചിടൽ മറികടന്ന് തുറന്ന് പ്രവര്‍ത്തിച്ച കണ്ണൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറി പോലീസ് അടപ്പിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ലോറി പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.ഗോവയില്‍ നിന്നും കോയമ്പത്തൂരിലേക്കാണ് തൊഴിലാളികളെ കൊണ്ടു പോയത് എന്നാണ് വിവരം.