പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട: കൊറോണ രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഉത്തരവിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും. ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും കർശനമായി നിയന്ത്രിക്കും.
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു. പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം, എല്‍.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.
പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.
ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകള്‍ മാത്രമേ നടത്താവു. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉല്‍സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.
ജനങ്ങള്‍ അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. സിആര്‍പിസി 144 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുളളതു പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐപിസി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.
ഈ മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കുകയും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും.
ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളുവെന്നും കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.