എറണാകുളത്ത് കർശന നിയന്ത്രണം; 144 പ്രഖ്യാപിച്ചു

കൊച്ചി: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ 144 ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു. ഉത്തരവിന് മാര്‍ച്ച്‌ 31 അര്‍ധ രാത്രി വരെ പ്രാബല്യമുണ്ടാകുമെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് നിബന്ധനകളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ,പൊതുജനാരോഗ്യം മുൻ നിർത്തിയാണ് നടപടിയെന്നതിനാൽ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.
അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ കടകൾക്ക് രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ തുറന്നു പ്രവർത്തിക്കാം. മാളുകളിൽ അവശ്യസാധനവിൽപന നടത്താം. മറ്റുള്ളവ അനുവദിക്കില്ല.

ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകൾ , കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. വിദേശികളോ വിദേശത്തു നിന്ന് വന്നവരോ വിവരം അറിയിക്കണം. ഇവർ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണം.
അന്യസംസ്ഥാനക്കാർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.ബാങ്കുകളുടെ പ്രവർത്തനവും നിജപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിക്കാവൂ.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.