പ്രവാസി മകന്റെ കറക്കം; മുൻ മേയർക്കെതിരേ കേസ്

കോഴിക്കോട്: വിദേശത്തു നിന്നെത്തിയ മുൻ മേയറുടെ മകൻ പുറത്തിറങ്ങി നടക്കുന്നത് അന്വേഷിച്ച ആരോഗ്യപ്രവർത്തകരോട് മോശമായി പെരുമാറിയതിന് മുൻ മേയർക്കെതിരേ പോലീസ് കേസെടുത്തു.
മുൻ എംപിയും കോഴിക്കോട് മുൻ മേയറും സി പി എം നേതാവുമായ എ.കെ. പ്രേമജത്തിനെതിരേയാണു പോലീസ് കേസെടുത്തത്. 

പ്രേമജത്തിന്‍റെ മകൻ അടുത്തിടെ വിദേശത്തുനിന്നു നാട്ടിൽ എത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ഇയാൾ നിരന്തരം പുറത്തിറങ്ങി നടക്കുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇക്കാര്യം അന്വേഷിക്കാൻ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാർ എത്തിയപ്പോൾ മുൻ മേയർ കൂടിയായ പ്രേമജം മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ പോലീസിൽ പരാതിപ്പെട്ടത്.
ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറിയതിനാണു പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ ഇതു ശരിയല്ലെന്നും മകന്റെ ഭാര്യയുടെ ചിത്രമെടുക്കുന്നത് തടയുക മാത്രമേ താൻ ചെയ്തുള്ളുവെന്ന് പ്രേമജം പറയുന്നു. ഗർഭിണി മരുമകളുടെ ചിത്രമെടുക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് തോന്നിയതിനാൽ അത് തടയുകയേ ചെയ്തുള്ള വെന്നാണ് പ്രേമജത്തിന്റെ വിശദീകരണം.