കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വൈകും

തിരുവനന്തപുരം: കുട്ടനാട് ,ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ വൈകും. കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രചാരണത്തെയും വോട്ടെടുപ്പിനെയും വോട്ടെണ്ണലിനെയുമെല്ലാം ഇത് ബാധിക്കും. പലയിടങ്ങളിലും കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ചിലപ്പോൾ മാറ്റിവയ്ക്കേണ്ടി വരുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണയും മുഖ്യമന്ത്രി പിണറായി വിജയനും ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കൂ. സംസ്ഥാന സർക്കാരിന്റെ നിലപാടുകൂടി അറിഞ്ഞശേഷമേ അഭിപ്രായം അറിയിക്കൂവെന്നാണ് മീണ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പിന് മേയ് വരെ സമയമുണ്ടെന്ന നിലപാടിലാണ് മീണ.
ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളാണെന്നായിരുന്നു തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.