പരസ്പരം സഹകരിച്ച് കൊറോണയെ നേരിടുക: മാർ ആലഞ്ചേരി

കൊച്ചി: സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളോടും സര്‍വാത്മനാ സഹകരിച്ച് കൊറോണബാധയെ നേരിടണമെന്ന് കെസിബിസി പ്രസിഡൻറും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിശ്വാസികളുടെ പങ്കാളിത്തമില്ലാത്ത ഞായറാഴ്ച കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി. നവ മാധ്യമങ്ങൾ ഈ കുർബാന സംപ്രേഷണം ചെയ്തിരുന്നു.
എല്ലാ ദുരിതങ്ങളിലും ക്ലേശങ്ങളിലും നമുക്ക് പരസ്പരം കൈകോര്‍ക്കാം, സഹകരിക്കാം. ദുരിതമേഖലകളിൽ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നമ്മുക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം.
കൊറോണ ബാധയാല്‍ പലവിധത്തില്‍ ക്ലേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ദൈവത്തിലാശ്രയിച്ച് സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം. കാരുണ്യവാനായ ദൈവം എല്ലാവരെയും ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യട്ടെയെന്നും മാർ ആലഞ്ചേരി ആശംസിച്ചു.