കൊറോണ ബാധിതനുമായി ഇടപഴകി; രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

കാസർകോഡ്: കൊറോണ ബാധ സ്ഥിരീകരിച്ച കാസർകോട്ടെ കുഡ്ലു സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട എംഎൽഎമാർ വീടുകളിൽ നിരീക്ഷണത്തിൽ. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. മുൻകരുതൽ എന്ന നിലയിലാ ണ് എംഎൽഎമാരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കൊറോണ ബാധിതൻ അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്.

ഈ മാസം 11 ന് ദുബായിൽ നിന്ന് കോഴിക്കോട്ടിറങ്ങിയ കൊറോണ ബാധിതൻ കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎൽഎമാരുമായി ഒരുമിച്ച് പങ്കെടുത്തത്.
എം.സി ഖമറുദ്ദീന് ഹസ്തദാനം നൽകുകയും ചെയ്തിരുന്നതായാണ് സൂചന.
ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന്, 12-ന് രാവിലെ രാവിലെ മാവേലി എക്സ്പ്രസിലാണ് കാസർകോട്ടെത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ 3.40-നാണ് മാവേലി എത്തിയത്. ഇദ്ദേഹം കയറിയ എസ് 9 കോച്ചിൽ 42 പേരാണുണ്ടായിരുന്നത്. കൊയിലാണ്ടിയിൽ 4.15-നും വടകരയിൽ 4.35-നും എത്തി. ഈ രണ്ടു സ്റ്റേഷനുകളിലും എസ് 9-ൽ ആരും കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
ഇതിനു ശേഷം അഞ്ച് ദിവസം ഇയാൾ കാസർകോട്ട് പല സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
കാസർകോഡ് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് 16ന് ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്ത് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയായിരുന്നു. എം എൽ എ മാരെക്കൂടാതെ ഇയാൾ നിരവധി പേരുമായി ഇടപെട്ടിരുന്നുവെന്നാണ് സൂ ചന. ഇവരെ കണ്ടെത്താൻ അധികൃതർ ശ്രമം ആരംഭിച്ചിട്ടുണ്ട്.